മാർച്ചിലെ മൂന്നാമത്തെ ചൊവ്വാഴ്ചയാണ് ലോകമെമ്പാടും ലോക സാമൂഹ്യപ്രവർത്തന ദിനം ആചരിക്കുന്നത്. സാമൂഹ്യപ്രവർത്തകരുടെ സേവനവും സമൂഹനിർമാണത്തിൽ അവരുടെ പങ്കും അംഗീകരിക്കുന്നതിനായി ഈ ദിനം പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. മനുഷ്യരുടെ മാനവിക അവകാശങ്ങൾ സംരക്ഷിക്കുകയും സമൂഹത്തിൽ സമത്വവും നീതിയും ഉറപ്പാക്കുകയും ചെയ്യുന്നതാണ് സാമൂഹ്യ പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം.
അതിനാൽതന്നെ ഈ ദിനം സാമൂഹ്യനീതിയുടെയും മനുഷ്യാഭിമാനത്തിന്റെയും സന്ദേശം ലോകത്തിന് ഓർമിപ്പിക്കുന്ന ഒരു പ്രധാന അവസരമാണ്. സുസ്ഥിര വികസനലക്ഷ്യങ്ങളുടെ അടിസ്ഥാനചിന്തയിൽ ഉൾപ്പെടുന്ന ‘ആരും പിന്നിലാക്കപ്പെടുന്നില്ല’ (No One Left Behind) എന്ന ആപ്തവാക്യത്തിന്റെ കാവലാളുകളാണ് യഥാർഥത്തിൽ സോഷ്യൽ വർക്ക് മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഓരോരുത്തരും. ഏതൊരാൾക്കും തങ്ങളുടേതായ പങ്ക് വഹിക്കാൻ കഴിയുമെങ്കിലും ഈ ലക്ഷ്യത്തെ ജീവിതവ്രതമായി നെഞ്ചിലേറ്റി പ്രവർത്തിക്കുന്ന ഒരു വിഭാഗമാണ് പ്രഫഷണൽ സോഷ്യൽ വർക്കർമാർ.
സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളെയും അവഗണിക്കപ്പെട്ടവരെയും സഹായിക്കുന്നതിനുള്ള പ്രഫഷണൽ മേഖലയാണ് സാമൂഹ്യപ്രവർത്തനം എന്ന ബോധ്യം ഉൾക്കൊണ്ടുകൊണ്ട് ബിരുദ-ബിരുദാനന്തര പഠനം നടത്തി വിവിധ മേഖലകളിൽ അവരുടെ സേവനം ഇന്ന് ലോകം ഉപയോഗപ്പെടുത്തി വരുന്നു. ദാരിദ്ര്യം, സാമൂഹിക അസമത്വം, കുടുംബപ്രശ്നങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, ലഹരിവിമുക്തി, വയോജന സംരക്ഷണം, കുട്ടികളുടെ സംരക്ഷണം, സ്ത്രീകളുടെ ശക്തീകരണം, പാലിയേറ്റീവ് കെയർ, പരിസ്ഥിതി ദുരന്തനിവാരണം, കമ്യൂണിറ്റി ഡെവലപ്മെന്റ് എന്നിവ ഉൾപ്പെടെ മനുഷ്യജീവിതത്തിന്റെ വിവിധ മേഖലകളിൽ ഇന്ന് സാമൂഹ്യപ്രവർത്തകർ പ്രവർത്തിക്കുന്നു. അവർ വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും ഒരുപോലെ ശക്തിപ്പെടുത്തുന്നതിനാണ് ശ്രമിക്കുന്നത്.
►► കേരളത്തിലെ വളർച്ച
മറ്റേത് സംസ്ഥാനത്തേക്കാളും മുൻപന്തിയിൽ സോഷ്യൽ വർക്ക് പ്രഫഷന്റെ വളർച്ച കേരളത്തിലുണ്ട്. എന്നാൽ, സാമൂഹ്യപ്രവർത്തന രംഗം ശക്തമായ രീതിയിൽ വളർന്നുവരുമ്പോഴും നിരവധി പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട്. 117 സ്ഥാപനങ്ങൾ സാമൂഹ്യപ്രവർത്തനത്തിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ നടത്തുന്നുണ്ടെങ്കിലും അതിലൂടെ പരിശീലനം നേടിയവർക്ക് അഭിമാനകരമായ തൊഴിലിടങ്ങൾ ലഭ്യമല്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രതിസന്ധി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്നുണ്ടെങ്കിലും ചുരുങ്ങിയ വേതനം, താത്കാലിക നിയമനം, മറ്റ് ആനുകൂല്യങ്ങൾ ഒന്നുമില്ലാത്ത അവസ്ഥ എന്നിവയൊക്കെ സോഷ്യൽ വർക്ക് മേഖലയിൽ പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.
►► സോഷ്യൽ വർക്കേഴ്സ് ആക്ട്
ആശുപത്രികൾ, സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ഗ്രാമവികസന ഏജൻസികൾ, തദ്ദേശ സ്വയംഭരണ സർക്കാരുകൾ, വയോജന-ഭിന്നശേഷി-വനിതാ-ശിശുക്ഷേമ പദ്ധതികൾ, ദുരന്തനിവാരണം, തൊഴിലാളി ക്ഷേമം, കുടുംബ ക്ഷേമം, പട്ടികജാതി പട്ടികവർഗ ക്ഷേമം, ക്ഷേമ സ്ഥാപനങ്ങൾ എന്നിങ്ങനെയുള്ള വിവിധ തലങ്ങളിൽ സാമൂഹ്യപ്രവർത്തകരുടെ സാന്നിധ്യം ഇന്ന് വളരെ നിർണായകമാണ്. ഇക്കാര്യം ഭരണകർത്താക്കളും രാഷ്ട്രീയ നേതൃത്വങ്ങളും അംഗീകരിക്കുന്നുണ്ടെങ്കിലും നിയതമായ ചട്ടക്കൂടോ നിയന്ത്രണങ്ങളോ ഇല്ലാത്ത അവസ്ഥയാണ്. കാനഡ, യുകെ തുടങ്ങിയ വികസിതരാജ്യങ്ങളിൽ നിയമനിർമാണം വഴി സോഷ്യൽ വർക്കിന് ലഭ്യമായിട്ടുള്ള അംഗീകാരം ഇന്ത്യയിലെ സോഷ്യൽ വർക്കേഴ്സിന് ഇന്നും അപ്രാപ്യമാണ്. കേരളത്തിൽ കേരള സോഷ്യൽ വർക്കേഴ്സ് ആക്ട് എന്ന പേരിൽ ഒരു നിയമം കൊണ്ടുവരണം എന്നാണ് കേരള അസോസിയേഷൻ ഓഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്സ് (കാപ്സ്) ആവശ്യപ്പെടുന്നത്.
►► സ്നേഹത്തിന്റെ പ്രയോഗം
സമൂഹത്തിൽ മാറ്റം സൃഷ്ടിക്കുന്നത് സർക്കാർ മാത്രം ചെയ്യേണ്ട ഉത്തരവാദിത്വമല്ല. സർക്കാരിനോടൊപ്പം പൊതുസമൂഹവും ചേർന്നു നിന്നുകൊണ്ട് പ്രഫഷണൽ ശൈലിയിൽ ലോകത്തെ മെച്ചപ്പെടുത്താൻ സാമൂഹ്യ പ്രവർത്തകർ പ്രതിജ്ഞാബദ്ധരാണ്. ഓരോ വ്യക്തിക്കും അതിൽ പങ്കാളികളാകാനുള്ള ഉത്തരവാദിത്വമുണ്ട്. അതിന് അവരെ കെൽപുള്ളവരാക്കാൻ പ്രഫഷണൽ സോഷ്യൽ വർക്ക് പഠനം നടത്തിയവർക്കു കഴിയണം. ഈ വർഷത്തെ ലോക സാമൂഹ്യപ്രവർത്തന ദിനം നമ്മെ ഓർമിപ്പിക്കുന്നത് വിഭജിത സമൂഹത്തെ ഒത്തുചേർക്കാനുള്ള സാമൂഹ്യ പ്രവർത്തകരുടെ ഉത്തരവാദിത്വത്തെക്കുറിച്ചാണ്.
മനുഷ്യരുടെ പ്രശ്നങ്ങൾ മനസിലാക്കി അവർക്കൊപ്പം നിന്നുകൊണ്ട് പരിഹാരങ്ങൾ കണ്ടെത്തുന്ന മനുഷ്യസ്നേഹത്തിന്റെ പ്രയോഗമാണ് സാമൂഹ്യപ്രവർത്തനം എന്ന തത്വത്തെ ശക്തിപ്പെടുത്തുന്ന ചിന്തയാണ് പ്രഘോഷിക്കപ്പെടേണ്ടത്. ഇന്നത്തെ കാലഘട്ടത്തിൽ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാണ് എന്ന തിരിച്ചറിവോടെ ഇടപെടാനുള്ള ആഹ്വാനമാണത്. കുടുംബവഴക്ക്, പരിസ്ഥിതി പ്രതിസന്ധി, കുടിയേറ്റ പ്രശ്നങ്ങൾ, സാമൂഹിക സംഘർഷങ്ങൾ, ലഹരി ഉപയോഗം എന്നിവ സമൂഹത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് വെല്ലുവിളികളാണ് എന്ന തിരിച്ചറിവോടെ സമൂഹത്തെ ശക്തിപ്പെടുത്തുകയും മനുഷ്യരെ പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിക്കുകയും ചെയ്യുന്നതിൽ സാമൂഹ്യപ്രവർത്തകർ നിർണായക പങ്ക് വഹിക്കാൻ കടപ്പെട്ടിരിക്കുന്നു.
സാമൂഹ്യപ്രവർത്തനം ഒരു ജോലി മാത്രമല്ല; അത് മനുഷ്യസ്നേഹത്തിന്റെ ഒരു ജീവിതശൈലിയാണ്. സഹാനുഭൂതിയും ഉത്തരവാദിത്വബോധവും മനുഷ്യരോടുള്ള പ്രതിബദ്ധതയും ഉൾക്കൊള്ളുന്ന ഒരു സേവന മനോഭാവമാണിത്. സമൂഹത്തിലെ ഏറ്റവും ദുർബലരായവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ പ്രകാശം തെളിക്കുന്നതാണ് ഒരു സാമൂഹ്യപ്രവർത്തകന്റെ ഏറ്റവും വലിയ സംഭാവന. തൊഴിലിടങ്ങളും തൊഴിൽ മേഖലകളും സാമൂഹ്യപ്രവർത്തകന് ഗുണകരമായ രീതിയിൽ പരിഷ്കരിക്കപ്പെടാൻ കാലം സമൂഹത്തോട് ആവശ്യപ്പെടുന്നുണ്ട്.
ലോക സാമൂഹ്യപ്രവർത്തന ദിനം ഓർമിപ്പിക്കുന്നത്: “എല്ലാവരുമായി ചേർന്ന് എല്ലാവർക്കുംവേണ്ടി പ്രവർത്തിക്കുമ്പോഴാണ് ഒരു സമൂഹം കൂടുതൽ മാനുഷികമാകുന്നത്” എന്നാണ്. സാമൂഹ്യനീതിയും മനുഷ്യാവകാശവും ഉറപ്പാക്കുന്ന ഒരു നവലോകം നിർമിക്കാൻ സാമൂഹ്യപ്രവർത്തനത്തിന്റെ മൂല്യങ്ങൾ വഴികാട്ടട്ടെ.
(ലേഖകൻ കേരള അസോസിയേഷൻ ഓഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്സ് സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റും കേരള സംസ്ഥാന
ബാലാവകാശ സംരക്ഷണ കമ്മീഷൻ മുൻ അംഗവുമാണ്)